വാഷിങ്ടൻ: ഇറാനിൽ യുഎസ് ആക്രമണം നടത്തുമോ? ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യത്തിനാണ് ഞായറാഴ്ച പുലർച്ചെ ഉത്തരമായത്. ഇനിയെന്ത് എന്നത് അതിലേറെ പ്രധാനമാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ യുഎസ് ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇരു രാജ്യങ്ങളുടെയും നിർദേശം തള്ളിയാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്. ഈ നീക്കം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
സമാധാനപരമായ ആണവപദ്ധതി അടക്കം നിയമാനുസൃതമായ ആവശ്യങ്ങൾക്കായി ഇറാൻ നടത്തുന്ന പോരാട്ടങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരത്തെ പറഞ്ഞത്. ചൈനയും ഇറാനെ പിന്തുണച്ചു. ഇറാന് ചൈന ആയുധങ്ങൾ നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ യുഎസ് നേരിട്ടു പങ്കെടുക്കണോ എന്ന കാര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്. നയതന്ത്രത്തിനു സാധ്യതയുള്ളിടത്തൊക്കെ സമാധാനകാംക്ഷിയായ ട്രംപ് അതു പ്രയോജനപ്പെടുത്താറുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കാര്യമായ ചർച്ചകൾ നടക്കാതെ തന്നെ യുഎസ് ആക്രമണം നടത്തി. ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും സ്വന്തം നിലയ്ക്കു നീങ്ങുമെന്നുമുള്ള ഇസ്രയേൽ സമ്മർദമാണ് പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നുണ്ട്. ഇറാന്റെ ആണവനിലയങ്ങളെക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ ഇസ്രയേൽ േനരത്തെ യുഎസിനു കൈമാറിയിരുന്നു. ഇറാനെ സമ്മർദത്തിലാക്കാനും ഭരണം അട്ടിമറിക്കാനും യുഎസ് പെട്ടെന്ന് ഒപ്പം ചേർന്നെന്ന വാദവുമുണ്ട്.
ഇറാൻ ആണവായുധം നിർമിക്കുന്നില്ലെന്ന് യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് പറഞ്ഞതു ചർച്ചയായത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്ഷുഭിതനാക്കിയിരുന്നു. ‘അവർ പറയുന്നത് ഞാൻ അംഗീകരിക്കുന്നില്ല’ എന്ന് ട്രംപ് തുറന്നടിച്ചു. ഇതോടെ, യുഎസ് ഏതു നിമിഷവും ഇറാനെ ആക്രമിക്കാമെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു.
ടെഹ്റാന്റെ മറുപടി എന്താകുമെന്നാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്. ആക്രമണത്തിൽ എന്ത് ആഘാതം ഉണ്ടായെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഇറാനെ ആക്രമിച്ചാൽ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സുരക്ഷയ്ക്ക് ഇതു ഭീഷണിയാണ്. 40,000 സൈനികർ പശ്ചിമേഷ്യയിലുണ്ട്. അവരോട് ജാഗ്രതപാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായും ഇസ്രയേലുമായും ശക്തമായ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പുതിയ സാഹചര്യത്തിൽ വലിയ യുദ്ധത്തിലേക്ക് നീങ്ങാത്ത നയതന്ത്രത്തിനായിരിക്കും രാജ്യം ശ്രമിക്കുക.
ഇസ്രയേലില്‍ ജനങ്ങളുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് അലേർട്ടുകൾ നൽകിയതായി സൈന്യം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ജനങ്ങൾക്ക് നിർദേശം.
