തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കായുള്ള ചുരുക്കപ്പട്ടികയുണ്ടാക്കാൻ യുപിഎസ്‌സിയുടെ യോഗത്തിനു തീയതി കുറിച്ചതോടെ, ആരാകും പുതിയ മേധാവിയെന്ന ആകാംക്ഷ മുറുകുന്നു. പട്ടികയിൽ മൂന്നാമനായ അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്തയോട് സ്വയം ഒഴിവാകാൻ സർക്കാർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹം തയാറായിട്ടില്ല.
മേധാവിയാകുമെന്നു പ്രതീക്ഷയില്ലെങ്കിലും യുപിഎസ്‌സിയുടെ പരിഗണനയിൽ വരാനുള്ള തന്റെ അവകാശം വിട്ടുകൊടുക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ഡിജിപിമാരുടെ സീനിയോരിറ്റിയിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്. അതിനുതാഴെ മനോജ് ഏബ്രഹാം, എം.ആർ.അജിത്കുമാർ, സുരേഷ്‌രാജ് പുരോഹിത് എന്നിവരാണുള്ളത്. ഈ മാസം 26നു യോഗം ചേർന്ന് യുപിഎസ്‌സി തയാറാക്കുന്ന ചുരുക്കപ്പട്ടികയിൽ 3 പേർ മാത്രമാണ് ഇടംപിടിക്കുകയെന്നതിനാൽ, സീനിയറായ ആദ്യ 3 പേർ ഉൾപ്പെടാൻ സാധ്യതയേറെയാണ്.
മനോജിനെയോ അജിത്കുമാറിനെയോ പൊലീസ് മേധാവിയാക്കാൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ യുപി എസ്‌സിയുടെ പട്ടികയിൽ ഇടംപിടിക്കണം. എങ്കിൽ മാത്രമേ അതിൽനിന്ന് അവരിലൊരാളെ സംസ്ഥാനത്തിനു തീരുമാനിക്കാനാകൂ. ഇതുകൂടി ലക്ഷ്യമിട്ടാണ് യോഗേഷിനെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം. യോഗേഷ് സ്വയം ഒഴിവായാൽ സീനിയോരിറ്റിയിൽ മനോജ് മൂന്നാം സ്ഥാനത്തേക്കു കയറും.
