ഇസ്റാഈലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം, 17 പേർക്ക് പരിക്ക്

0
199

ടെൽ അവീവ്: എട്ടാം ദിവസവും പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റി.

ജനീവയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തുന്ന ചർച്ച തുടങ്ങി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൺ, എന്നീ രാജ്യങ്ങൾക്ക് ഒപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ചർച്ചയിൽ പങ്കാളിയാണ്. ഇറാന്റെ നൂക്ലിയർ പ്രോഗ്രാമിനൊപ്പം ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുമാണ് ചർച്ച ചെയ്യുന്നത്.

അമേരിക്കന്‍ പിന്തുണയോടെയാണ് പാശ്ചാത്യ- യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിനുശേഷം പാശ്ചാത്യ സര്‍ക്കാരുകളും ഇറാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയായിരിക്കും ഇത്. ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരുന്ന കാര്യത്തിൽ തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്. ആണവ നിലയം ആക്രമിച്ച ഇസ്രയേലിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ആണവ നിർവ്യാപന കരാറിനെ ദുർബലമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.