ലണ്ടനില്‍ പഠിക്കുകയായിരുന്ന ദീപാന്‍ഷി ദദോറിയയ്ക്ക് കുടുംബമായിരുന്നു എല്ലാം. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ സങ്കടവും പേറിയാണ് ലണ്ടനിലേക്ക് പഠിക്കാന്‍ പോയത്. പതുക്കെ ലണ്ടനിലെ ജീവിതവുമായി പൊരുത്തപ്പെട്ടെങ്കിലും ഇടയ്ക്കിടെ അച്ഛനേയും അമ്മയേയും ഫോണില്‍ വിളിച്ച് അവള്‍ വീട്ടിലേക്ക് വരാനുള്ള കൊതി പങ്കുവെച്ചു.
ഒടുവില്‍ അച്ഛന്റെ ജന്മദിനമായ മാര്‍ച്ച് 27-ന് ലണ്ടനില്‍നിന്ന് അവള്‍ അഹമ്മദാബാദില്‍ വിമാനമിറങ്ങി. വീട്ടിലേക്ക് അപ്രതീക്ഷിതമായി കയറിച്ചെന്ന് അച്ഛന് സര്‍പ്രൈസ് നല്‍കി. രണ്ട് മാസക്കാലം വീട്ടുകാരോടൊപ്പം ചെലവഴിച്ച് മെയ് 20-ന് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ സര്‍പ്രൈസ് വരവ്. എന്നാല്‍ മെയ് 20 ആയിട്ടും ദീപാന്‍ഷി തിരിച്ചുപോയില്ല. ജൂണ്‍ 11-ന് അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികമായതിനാല്‍ ആ ആഘോഷം കൂടി കഴിഞ്ഞിട്ട് മടങ്ങാം എന്ന് കരുതി. അവസാന നിമിഷം ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. ജൂണ്‍ 12-ന് പുതിയ ടിക്കറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള അവസാന നിമിഷങ്ങളാകും അതെന്ന് ദീപാന്‍ഷിക്ക് അറിയില്ലായിരുന്നു. ആഘോഷമെല്ലാം കഴിഞ്ഞ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് വിമാനം കയറുന്നതിന് മുമ്പ് അവള്‍ മാതാപിതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങി. എന്നാല്‍ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴേക്കും വിമാനം തകര്‍ന്നെന്ന വാര്‍ത്തയാണ് അവരെ കാത്തിരുന്നത്. അവരുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് അവര്‍ക്ക് തോന്നിയതെന്നും മിനിറ്റുകള്‍ക്കുള്ളില്‍ സന്തോഷം നിറഞ്ഞ വീട് സങ്കടത്തിലേക്ക് വഴുതിവീണുവെന്നും ദീപാന്‍ഷിയുടെ ബന്ധു പറയുന്നു.