കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സ്ഫോടനം; ഇസ്റാഈൽ ആക്രമണത്തിൽ കാഴ്ച നഷ്ടമായ പലസ്തീൻ ബാലനെ ചികിത്സക്ക് റിയാദിലെത്തിച്ചു

0
184

റിയാദ്: ഗാസ മുനമ്പിലെ ഇസ്റാഈൽ സേനയുടെ ആക്രമണത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട ഏഴുവയസ്സുകാരൻ പലസ്തീൻ ബാലൻ മുഹമ്മദ് ഖാലിദ് ഹിജാസിയെ ചികിത്സക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദ്ദേശപ്രകാരം റിയാദിലെ കിങ് ഖാലിദ് നേത്ര ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.

ഗാസയില്‍ നിന്ന് ജോർദാനിലേക്കും അവിടെ നിന്ന് സഊദിയിലേക്കുമുള്ളള്ള യാത്ര കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു. ചികിത്സക്ക് തയ്യാറെടുക്കുന്നതിനായി, ഉചിതമായ മെഡിക്കൽ നടപടിക്രമങ്ങൾ നിർണയിക്കുന്നതിന് ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ ബാലനെ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. സഹോദരങ്ങളായ പലസ്തീൻ ജനതയെ പിന്തുണക്കുന്ന സൗദി അറേബ്യയുടെ ഉറച്ച മാനുഷിക നിലപാടുകളുടെ ഭാഗമാണ് ഈ നടപടി.

ഈ വർഷം മാർച്ചിലുണ്ടായ സംഭവത്തിലെ ഇരയാണ് മുഹമ്മദ് ഖാലിദ് ഹിജാസി. വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിൽ തകർന്ന വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകണ്ണ് പൂർണമായും നഷ്ടപ്പെടുകയും ഇടതുകണ്ണിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്തെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.