ജറുസലം: ഇറാനിൽ നടത്തിയ ആക്രമണം ഇസ്രയേൽ ആസൂത്രണം ചെയ്തത് അതീവരഹസ്യമായി, നീണ്ട തയാറെടുപ്പുകളോടെ. ആക്രമണത്തിന് നിലമൊരുക്കിയത് ചാര സംഘടനയായ മൊസാദും. ആക്രമണം നടക്കുമെന്ന് യുഎസ് അടക്കം ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായത് മൊസാദിന്റെ തന്ത്രങ്ങൾ കാരണമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു.
മാസങ്ങൾക്ക് മുൻപ് ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതിനു പിന്നാലേ യുദ്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നില്ല. ഡ്രോണുകളും ഏതാനും മിസൈലുകളും അയച്ചശേഷം സംഘർഷം ഇല്ലാതായി. അതിനുശേഷം ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ വിശദമായ പദ്ധതി തയാറാക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പിന്നിൽ പ്രവർത്തിച്ചത് മൊസാദും. ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. അതിനായി പരമാവധി വിവരങ്ങൾ ശേഖരിച്ചു. മൊസാദ് ചാരൻമാർ ഇറാനിൽനിന്നു കൈമാറിയ വിവരങ്ങൾ വിശകലനം ചെയ്തു. ഇതിനുശേഷം ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചു. ഈ ഭൂഗർഭ കേന്ദ്രത്തിൽ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചു.
