അൻവറിനായി യൂസുഫ് പഠാൻ; ഞായറാഴ്ച നിലമ്പൂരിൽ പ്രചാരണത്തിനെത്തും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസുഫ് പഠാൻ എത്തുന്നു. ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ എംപിയാണ് യൂസുഫ് പഠാൻ. 

കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ പാർലമെന്റിലെത്തിയത്. റോഡ് ഷോ അടക്കം നടത്തി യൂസുഫ് പഠാന്റെ വരവ് കൊഴുപ്പിക്കാനാണ് അൻവർ അനുയായികളുടെ നീക്കം. 

അതേസമയം, വിവാഹത്തിരക്കുകൾ കാരണം മറ്റൊരു തൃണമൂൽ എംപിയായ  മഹുവ മൊയ്ത്ര നിലമ്പൂരിൽ എത്തില്ലെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടിയിൽ നാദിയ ജില്ലയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന മഹുവ, കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാളിഗഞ്ച് നിയമസഭാ മണ്ഡലത്തിന്റെ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമല്ലെന്ന പുറത്തുവന്നിരുന്നു. അതിനിടെയാണ് വിവാഹ വാർത്തയും പുറംലോകമറിഞ്ഞത്.