കോഴിക്കോട്∙ കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചു. 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. ബേപ്പൂരിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ.
കോസ്റ്റ് ഗാർഡിന്റെ 3 കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽനിന്ന് ഒരു കപ്പലുമാണ് അപകട സ്ഥലത്തേക്ക് പോയത്. സിംഗപ്പൂരിൽ നിന്നുള്ള കപ്പലിൽ 40 ജീവനക്കാർ ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ചില ജീവനക്കാർക്ക് പൊള്ളലേറ്റു. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്.
270 മീറ്റർ നീളമുണ്ട് കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്കെത്തി.
