വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവെച്ചത് പന്നിയെ പിടികൂടാൻ

മലപ്പുറം: നിലമ്പൂ‍ർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്ത് കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർക്ക് ആക്ഷേപം ഉണ്ട്.