ദമാം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നു, ഭാര്യക്ക് ഗുരുതര പരിക്ക്; പ്രതി പ്രവാസി പൗരനായ ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ

0
1466

ദമാം: കിഴക്കൻ സഊദിയിലെ പ്രമുഖ സ്ഥാപനമായ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സിലെ മുന്‍ അധ്യാപകന്‍ ഡോ. അബ്ദുല്‍മലിക് അല്‍ഖാദിയെ ദഹ്‌റാനിലെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ അബ്ദുല്‍മലിക് അല്‍ഖാദിയുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദഹ്‌റാനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

സംഭവത്തിൽ ഡെലിവറി ജീവനക്കാരനായ പ്രവാസി യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണയാൾ.  മോഷണ ലക്ഷ്യത്തോടെയാണ് പ്രതി ഡോ. അബ്ദുല്‍മലിക് അല്‍ഖാദിയെ കുത്തിക്കൊന്നത്. ഇദ്ദേഹത്തിന് മക്കളില്ല. സ്വന്തം നാട്ടിലുള്ള സാമ്പത്തിക ബാധ്യതകള്‍ വീട്ടാന്‍ ലക്ഷ്യമിട്ടാണ് പ്രതിയായ ഈജിപ്തുകാരന്‍ ഡോ. അബ്ദുല്‍മലിക് അല്‍ഖാദിയെയും ഭാര്യയെയും കൊലപ്പെടുത്തി വീട്ടില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഡെലിവറി ജീവനക്കാരനായ പ്രതിക്ക് ഡോ. അബ്ദുല്‍മലിക് അല്‍ഖാദിയെ മുന്‍ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പ്രതി കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.