20 കോടിയോളം രൂപ ചിലവിൽ സമസ്ത നൂറാം വാർഷിക ഉപഹാരമായാണ് പദ്ധതി ഉയരുന്നത്
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സഊദി പ്രവാസി സംഘടനയായ സഊദി എസ്.ഐ.സിയുടെ അട്ടപ്പാടി എജു സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം 8ന് നടക്കും. സമസ്ത നൂറാം വാർഷിക ഉപഹാരമായി ഉയരുന്ന പദ്ധതിയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം കുറിക്കുന്നതിന്റെ ഭാഗമായി ശിലാസ്ഥാപന കര്‍മം ജൂണ്‍ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് അട്ടപ്പാടി പാക്കുളത്ത് ആക്‌സസ് സൈറ്റില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെ.ജി മുതല്‍ പി.ജി വരെയുള്ള ബഹുമുഖ വിദ്യാഭ്യാസ പദ്ധതിയാണ് പ്രദേശത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആക്സസ് പബ്ലിക് സ്‌കൂള്‍, സമസ്തയുടെ വിദ്യാഭാസ പദ്ധതിയായ എസ്.എന്‍.ഇ.സി ഷീ കോളേജ്, ബോയ്‌സ് ആന്റ് ഗേള്‍സ് ഹോസ്റ്റല്‍, ആര്‍ട്‌സ് ആന്റ് പ്രൊഫഷണല്‍ കോളേജ്, ഹോസ്പിറ്റല്‍, പ്രവാസി സെന്റര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി അഞ്ചര ഏക്കര്‍ സ്ഥലം കമ്മിറ്റി നേരത്തെ തന്നെ കണ്ടെത്തുകയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സമസ്തയുടെ ശതാബ്ദിയോടനുബന്ധിച്ച് സഊദിയിലെ ഏരിയ, സെന്‍ട്രല്‍, സോണല്‍ കമ്മിറ്റികളുടെ സഹകരണത്തോടെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി, കേരളത്തിലെ പിന്നോക്ക പ്രദേശമായ അട്ടപ്പാടി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതിയാണ് അട്ടപ്പാടി ചാരിറ്റബിള്‍ സര്‍വീസസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി (ആക്‌സസ്).
ആറു ബ്ലോക്കുകളിലായി രൂപകല്പന ചെയ്യപ്പെട്ട കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം ഏകദേശം 90,000 ചതുരശ്ര അടിയാണ്. ഇരുപത് കോടിയോളം രൂപയാണ് പദ്ധതിക്കായി കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന അട്ടപ്പാടി പ്രദേശത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഈ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ടത് കൊണ്ടാണ് കമ്മിറ്റി പദ്ധതിയുമായി മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കേണ്ടുന്ന അനിവാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി കര്‍മ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ശിലാസ്ഥാപന ചടങ്ങിലും തുടര്‍ന്ന് കക്കുപ്പടി ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ , ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാർ, വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ, ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാർ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.ഐ.സി നിരീക്ഷക സമിതി അംഗങ്ങളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, സമസ്ത പാലക്കാട് ജില്ലാ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ് എന്നിവർ പങ്കെടുക്കും.
ആക്സസ് ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, സഊദി എസ്.ഐ.സി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങള്‍, മുഹമ്മദ് റാഫി ഹുദവി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുറഹ്‌മാന്‍ മൗലവി അറക്കല്‍, മാഹിന്‍ വിഴിഞ്ഞം, ഉസ്മാന്‍ എടത്തില്‍, മിദ്ലാജ് ദാരിമി, മൂസ ദാരിമി, നാലകത്ത് റസാഖ് ഫൈസി തുടങ്ങിയവരും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സമുന്നതരായ നേതാക്കളും മറ്റു ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളും എസ്.ഐ.സി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.
