മിന: ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം. “ലബൈക്ക അല്ലാഹുമ്മ ലബൈക്ക്” എന്ന മന്ത്രം ഉരുവിട്ട് നാളെ
അറഫ സംഗമിക്കും. ഇന്ന് മിനായിലെ കൂടാരത്തിൽ മുഴുവൻ തീർഥാടകരും താമസിക്കുന്നതോടെയാണ് ഹജ്ജിന് ഔദ്യോഗിക തുടക്കമാകുക. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്.
ഇത്തവണ മിന കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിനോട് സമാനമാണ് സൗകര്യങ്ങൾ. കിദാന കമ്പനി നിർമിച്ച ടവറിൽ 30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയും.
തമ്പുകളും ഇത്തവണ കിദാന കമ്പനിയുടെ നേതൃത്വത്തിൽ കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. പുതിയ കോൺക്രീറ്റ് കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുണ്ട്.
മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ മുഴുകും.
അന്നേ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. ഷെയ്ഖ് സ്വാലിഹ് ബിൻ ഹുമൈദാണ് പ്രഭാഷണം നിർവഹിക്കുക. പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി കണ്ണീരണിയും.
രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻെറ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും.
പതിനെട്ടു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നഗരിയും നിറഞ്ഞു കവിഴും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.
തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.
1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകിയിരുന്നു. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ടെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റുള്ളവർ ബസ് മാർഗമാണ് യാത്രയാകുന്നത്. ഹജ്ജ് ദിനങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇത്തവണത്തെ ഹജ്ജിലെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നതും ചൂട് തന്നെയാണ്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ചൂട് ചെറുക്കാനായി മിനായിലും അറഫയിലും റോഡിലും മറ്റുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. സുരക്ഷിതമായി ഹജ്ജ് പൂർത്തിയാക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയാണ് അല്ലാഹുവിന്റെ അതിഥികളെ ഹജ്ജിലേക്ക് സ്വാഗതം ചെയ്യുന്നത്.
