സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കി മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്

0
756

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂ‍ർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്

തിരുവനന്തപുരം: സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കി മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്. മുസ്‌ലിം ലീഗ്‌ നേതൃത്വം നൽകുന്ന വഴിക്കടവ് പഞ്ചായത്തിൻ്റേതാണ് നിയമനം. ഇതിൻ്റെ രേഖകൾ ലഭിച്ചതായി റിപ്പോ‍ർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന കൃഷ്ണരാജിനെ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ‍ഡിംഗ് കോൺസിലാക്കിയിരിക്കുന്നത്.

വഫഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ്‌ നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹ‍ർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂ‍ർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.

അതേസമയം, സംഭവം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് ലീഗിന്റെ വാദം. ഇത് സംബന്ധിച്ച് ലീഗ് നേതാവ് ടി പി അഷ്‌റഫ്‌ അലി ഫെസ്ബുക്ക് പോസ്റ്റിൽ നിലപാട് അറിയിച്ചു. വഴിക്കടവിലെ ആ നിയമനം നടത്തിയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന നിലമ്പൂർ BDO യും CPIM ൻ്റെ ജില്ലാ പഞ്ചായത്ത് അംഗവുമായ ഷെറോണ റോയിയുടെ ഭർത്താവുമായ സന്തോഷാണ്. സന്തോഷിൻ്റെ ഗൂഢതാൽപര്യങ്ങളാണ് സംഘപരിവാറുകാരൻ്റെ നിയമനത്തിന് പിന്നിൽ. സെക്രട്ടറിയുടെ നടപടി പിൻവലിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ നെടുമ്പാടി, വൈസ് പ്രസിഡന്റ് റെജി എന്നിവർക്ക് മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ ഉടൻ കൈകൊള്ളുമെന്നും അഷ്‌റഫ്‌ അലി അറിയിച്ചു.