സഊദിയിൽ മലയാളിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് പേർ പിടിയിലായതായി സൂചന

0
2144

ബീഷ: ബിഷയിൽ മലയാളിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. കാസർകോട് ബദിയടുക്ക സ്വദേശി എ.എം. ബഷീറിനെ (41) യാണ് കഴിഞ്ഞ ദിവസം അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്. (ചിത്രത്തിൽ കൊല്ലപ്പെട്ട ബഷീർ). സംഭവത്തിൽ രണ്ട് കൗമാരക്കാർ റിയാദിൽ പിടിയിലായി. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ ബഷീർ തന്റെ കാറിന്റെ ഡിക്കിയുടെ ഭാഗത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ബിഷയിലെ മാലിക് അബ്‌ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.