നിലമ്പൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മുന്നണികള്‍ കൂടുതല്‍ ജാഗ്രതയിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെങ്കിലും മത്സരരംഗത്ത് അന്‍വര്‍ തുടരുമോ എന്ന സംശയവും മുന്നണികള്‍ക്കുണ്ട്. മത്സരരംഗത്ത് തുടരാനാണ് അന്‍വറിന്റെ തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.
ആരുടെ വോട്ടുകളാണ് അന്‍വര്‍ കൂടുതല്‍ ചോര്‍ത്തുക എന്നതാണ് മുഖ്യം. ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്റെ വോട്ടുകളെല്ലാം അണുവിട വ്യതിചലിക്കാതെ പാര്‍ട്ടിക്കുതന്നെ പോവും. അതേസമയം എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എ യായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മും പരസ്യമായല്ലെങ്കിലും സമ്മതിക്കും. പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളില്‍ അന്‍വറിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. പോത്തുകല്ലിലും ചുങ്കത്തറയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും ഭരണം പിടിക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഈ സ്വാധീനമേഖലകള്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനൊപ്പം നില്‍ക്കുമോ എന്നതാണ് നിര്‍ണായക കാര്യം.
യുഡിഎഫിന് ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരിലാണ്. യുഡിഎഫ് ചെയര്‍മാന്‍ വി.ഡി. സതീശന്റെ നോമിനിയെന്ന് ഷൗക്കത്തിനെ അന്‍വര്‍ ചിത്രീകരിക്കുമ്പോള്‍, മുഴുവന്‍ യുഡിഎഫ് സംവിധാനവും ഷൗക്കത്തിനായി ഒരുമിക്കുമെന്ന് തീര്‍ച്ചയാണ്.
ഞായറാഴ്ചത്തെ പത്രസമ്മേളനത്തില്‍, രാഷ്ട്രീയമായി മാത്രമല്ല സതീശനെ ‘ഹരിത എംഎല്‍എ’ എന്നു മുദ്രകുത്താനും അന്‍വര്‍ ശ്രമിച്ചിരുന്നു. മലയോരകര്‍ഷകരുടെ ശത്രുവാണ് സതീശനുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഉന്നം. വന്യജീവി ആക്രമണം, വനം വകുപ്പിന്റെ നഷ്ടപരിഹാരത്തിലുള്ള അപര്യാപ്തത, കാര്‍ഷിക വിളകളുടെ വിലക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എവിടെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് എല്ലാവരുടേയും നോട്ടം.
ബിജെപി അപ്രതീക്ഷിതമായി ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. മാര്‍ത്തോമ്മാ സഭയുമായി വളരെ അടുപ്പമുള്ളതും സഭാ കൗണ്‍സില്‍ അംഗവുമായ ബിജെപി സ്ഥാനാര്‍ഥിക്ക് സഭയുടേയും ക്രിസ്ത്യന്‍ വിഭാഗത്തിന്റേയും കുറച്ചുവോട്ടുകള്‍ പോകുമെന്നുറപ്പാണ്.