അമേരിക്കയിൽ ഇസ്റാഈൽ അനുകൂല റാലിക്ക് നേരെ ആക്രമണം; നിരവധിപേർക്ക് പരിക്ക്

വാഷിങ്ടൺ: കൊളറാഡോയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ചയായിരുന്നു സംഭവം. ബോൾജർ നഗരത്തിൽ റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് ഇന്ധനം നിറച്ച കുപ്പി എറിഞ്ഞത്. ഫ്രീ പലസ്തീൻ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി എത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണ ലക്ഷ്യമായിരുന്നുവെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.

45-കാരനായ മുഹമ്മദ് സാബ്രി സോളിമാൻ ആണ് ആക്രമണം നടത്തിയതെന്നാണ് എപി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.