‘കുട്ടിയുടെ പാൽക്കുപ്പി പോലും എടുപ്പിക്കാതെ ഇറക്കിവിട്ടു’, ‘മരുന്നും ആധാറും അടക്കം എല്ലാം അകത്ത്’,; ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് തകർത്ത് സിആർ മഹേഷ് എംഎൽഎ, കുടുംബത്തിന് തുണയായി | VIDEO

0
1662

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു

വിവരമറിഞ്ഞെത്തിയ എംഎൽഎ ബാങ്ക് സീൽ വെച്ച വീടിന്‍റെ പൂട്ട് ഉളിയും ചുറ്റികയും വെച്ച് കുത്തിത്തുറക്കുകയായിരുന്നു

കരുനാഗപ്പള്ളി: കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ്‌ എംഎൽഎ. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു.


അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തി ചെയ്തത്. തുടർന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്. 

വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.

കുടുംബം പട്ടിണിയിലാണ്. ലോൺ അടവ് മുടങ്ങിക്കാണും, പക്ഷേ നടപടി സ്വീകരിക്കുമ്പോൾ വീട്ടുകാരെ അറിയിക്കണം. അത് സാമാന്യ മര്യാദയാണ്. അവർക്ക് മറ്റൊരു താമസ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. കോടതിയുടേയോ ബാങ്കിന്‍റെയോ അധികാരത്തെ ചോദ്യം ചെയ്യുകയല്ല. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ഒരു വീട്ടുകാരെയും കുടിയൊഴിപ്പിക്കരുതെന്ന്.  ഇതൊരു സ്വകാര്യ ബാങ്കാണ്. കൊള്ളപ്പലിശക്ക് പണം കൊടുക്കുന്ന ബാങ്കാണ്. നാട്ടിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ള ജനപ്രതിനിധികളുണ്ട്. അവരോടൊന്ന് സംസാരിച്ച് ഇവരെ സുരക്ഷിതമായി ഒരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള മര്യാദ ബാങ്ക് കാണിച്ചില്ല. അങ്ങയേറ്റം മനുഷ്യത്വരഹിതമായ നടപടിയാണ് ബാങ്ക് സ്വീകരിച്ചതെന്ന് സിആർ മഹേഷ് പറഞ്ഞു. വീഡിയോ സ്റ്റോറി കാണാം 👇