മക്ക: അറഫ പ്രസംഗം ഇത്തവണ 35 ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യും. അറഫ ഖുതുബയുടെ സന്ദേശം 35 ഭാഷകളിൽ ലോക മുസ്‌ലിംകളിൽ എത്തിക്കാനുള്ള പ്രത്യേക പദ്ധതിക്ക് ഹറം മതകാര്യ വകുപ്പ് സമാരംഭം കുറിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുകയും ആഗോളതലത്തിൽ വ്യത്യസ്തത ഭാഷകളിൽ മിതവാദ സന്ദേശം എത്തിക്കുകയും ചെയ്യുന്ന ഈ പദ്ധതി 50 ലക്ഷത്തിലേറെ പേർക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ലോകത്തിന് മുന്നിൽ മിതവാദത്തെ കുറിച്ച സൗദി അറേബ്യയുടെ സന്ദേശം ഉയർത്തിക്കാട്ടാനായി അറഫ ഖുതുബ വിവർത്തനം ചെയ്യാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കിയതായി ഹറം മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഖുതുബയുടെ ഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഹജ് തീർഥാടകരുടെയും ഇരു ഹറമുകളും സന്ദർശിക്കുന്നവരുടെയും മതപരമായ അറിവ് സമ്പന്നമാക്കാനും അറഫ ഖുതുബ സന്ദേശം ആഗോളതലത്തിൽ എത്തിക്കാനുമായി പ്രത്യേക പദ്ധതി തയാറാക്കാനായി സ്വതന്ത്ര കമ്മിറ്റി രൂപീകരിച്ച് ഹറം മതകാര്യ വകുപ്പ് അറഫ ഖുതുബക്ക് പ്രത്യേക ശ്രദ്ധ നൽകിയതായും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
