2025ലെ ലോക സുന്ദരി ആര്?; ഇന്ത്യൻ പ്രതീക്ഷയായി നന്ദിനി ​ഗുപ്ത

72-ാമത് ലോക സുന്ദരി മത്സരം ഇന്ന് ഹൈദരാബാദിൽ. 2025ലെ ലോക സുന്ദരി ആരാണെന്നുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രമ ആയുസ്സ്. 108 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്നതിന് ഹൈദരാബാദിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്റർ സാക്ഷിയാകും.

ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:30 നാണ് മിസ് വേൾഡ് മത്സരത്തിന്റെ ഫിനാലെ നടക്കുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ലോക സുന്ദരി പട്ടത്തിനായി മാറ്റുരക്കുന്ന നന്ദിനി ഗുപ്തയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രാജസ്ഥാൻ സ്വദേശിനിയായ 21 കാരി നന്ദിനി ​ഗുപ്ത മിസ് രാജസ്ഥാൻ ആയതിന് ശേഷം 2023ൽ മിസ് ഇന്ത്യയുമായിരുന്നു.

അതേസമയം, തെലങ്കാന ആതിഥേയത്വം വഹിക്കുന്ന മിസ് വേൾഡി മത്സരം വിവാ​ദങ്ങളുടെ വിള നിലമായിരുന്നു. മത്സരത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിന്ന പരിപാടികളായിരുന്നു തെലങ്കാനയിൽ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായി തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മത്സരാർഥികളുടെ കാല് കഴുകുന്ന വീഡിയോ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

മിസ്‌ ഇംഗ്ലണ്ട്‌ മില്ല മാഗി ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനുശേഷം മത്സരത്തിൽ നിന്ന് പിന്മാറിയതും വിവാദം സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ പ്രായോജകരായ സമ്പന്നരായ മധ്യവയസ്‌കരായ പുരുഷന്മാരോട്‌ ഇടപഴകാൻ സം​ഘാടകർ നിർബന്ധിച്ചതായും. വിശ്രമം പോലും അനുവദിക്കാതെ വിനോദപരിപാടികളിൽ പങ്കെടുപ്പിച്ചെന്നുമായിരുന്നു മിസ് ഇം​ഗ്ലണ്ടിന്റെ ആരോപണം.