പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ 12കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 48കാരന്‍ അറസ്റ്റില്‍

0
1053

പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം തിരികെ വീട്ടിൽ പോകാനിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ വല്യയന്തിയിലെ പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം തിരികെ പോകാനിറങ്ങിയ   12കാരിയെ ഉപദ്രവിച്ച വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബുവാണ് (48)  അറസ്റ്റിലായത്.  പ്രതിയെ പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. 

25ന് രാവിലെ പതിനൊന്നരയോടെയാണ്  ഷിബു കുട്ടിക്കുനേരെ ലൈം​ഗിക അതിക്രമം നടത്തിയത്. പത്തനംതിട്ട പൊലീസിൽ 27-ാം തീയതിയാണ് വീട്ടുകാർ ഇതുസംബന്ധിച്ച് പരാതി നൽകി. കുട്ടിയും കൂട്ടുകാരിയും ഒന്നിച്ച് പള്ളിയിലെ ആരാധനയ്ക്ക് ശേഷം വീട്ടിൽ പോകാൻ ഗേറ്റിന് അടുത്തേക്ക് നടന്നപ്പോൾ മയിലിനെ കാണിക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച പ്രതി, പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പ്രതി. കുട്ടി കൈ തട്ടിമാറ്റി ഓടിപ്പോയപ്പോൾ പിന്നാലെയെത്തി ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൂട്ടുകാരിയുടെ അമ്മയോടാണ് കുട്ടി ആദ്യം കാര്യം പറഞ്ഞത്. 

കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അവർ, രക്ഷാകർത്താക്കളെ വിവരം അറിയിച്ചു. അങ്ങനെയാണ് വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് ശിശുക്ഷേമ സമിതിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൈലപ്ര പള്ളിപ്പടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.