കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു

മലപ്പുറം: കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡും കൂടുതല്‍ തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപമുള്ള റോഡാണ് ഇത്തവണ തകര്‍ന്നത്.

അതേസമയം കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.