മക്കയിലേക്കുള്ള എല്ലാ അതിർത്തി കവാടങ്ങളിലും ക്യാമറകളും എഐ ഡ്രോണുകളും

മക്ക: ഹജ് തീർഥാടനത്തിനു സുരക്ഷ ശക്തമാക്കി സൗദി. മക്കയിലേക്കുള്ള എല്ലാ അതിർത്തി കവാടങ്ങളിലും ക്യാമറകളും എഐ ഡ്രോണുകളും വിന്യസിച്ചു. ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കുന്നവരെയും ഇവരെ സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യും. ഇതിനകം ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.

അനധികൃതമായി ഒട്ടേറെ ആളുകൾ എത്തിയാൽ അവരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഉണ്ടാകില്ല. ഇതുമൂലം കൂടാരമോ വാഹന സൗകര്യമോ ലഭിക്കാതെ കനത്ത ചൂടിൽ ബുദ്ധിമുട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹജ് പെർമിറ്റ് നിർബന്ധമാക്കിയതും കർശന പരിശോധന നടത്തുന്നതും. നിയമം പാലിക്കാൻ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. നിയമലംഘകരെ മക്കയിലേക്കു കടക്കാനും താമസിക്കാനും അവസരമൊരുക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും 10 വർഷത്തേക്കു പ്രവേശന വിലക്കുമാണ് ശിക്ഷ. പെർമിറ്റില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാലാണ് പിഴ.