യുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാർഥിയും ഇല്ല; ഷൗക്കത്തിനെതിരേ അൻവറും ഇറങ്ങും
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി. പി.വി. അൻവറിന് വഴങ്ങേണ്ടതില്ലെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു. സാമുദായിക പരിഗണനയും ഷൗക്കത്തിന് അനുകൂലമാണ്. ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചു. അൻവറിന് വഴങ്ങേണ്ടതില്ലെങ്കിലും, അൻവറിനെ പിണക്കേണ്ടതില്ലെന്നാണ്. കെപിസിസി നിലപാട്. അൻവറിനോട് സംസാരിച്ച് സമന്വയിപ്പിച്ച് കൂടെ നിർത്താൻ തന്നെയാണ് കെപിസിസിയുടെ ആലോചന.
നിലമ്പൂരില്‍ ‘അന്‍വർ എഫക്ട്’ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ ആവർത്തിക്കുമ്പോള്‍ തന്നെയാണ് സമ്മർദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന കോണ്‍ഗ്രസിന്‍റെ തീരുമാനം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് അന്‍വർ ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും ജോയിയുടെ പേര് പറയാതെ ഇക്കാര്യം അന്‍വർ സൂചിപ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി അന്‍വറിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അൻവറിന്‍റെ നിലപാട്. എന്നാല്‍, ഇത്തരത്തിലുള്ള സമ്മർദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ തീരുമാനം.
അൻവറിൻ്റെ ആവശ്യം അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ മത്സരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ മുസ്‌ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് അൻവർ മലക്കം മറിഞ്ഞത്.