കടലിൽ വീണത് നൂറോളം കണ്ടെയ്നറുകൾ; എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് പൂർണ ജാഗ്രത

0
652

തിരുവനന്തപുരം: ‌അപകടത്തിൽപ്പെട്ട് മുങ്ങിയ ചരക്കു കപ്പൽ എംഎസ്‌സി എൽസ 3ൽ നിന്നു നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ഉന്നതല യോഗത്തിൽ വിലയിരുത്തൽ. കപ്പൽ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്നിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കണ്ടെയ്നറുകൾ ഏകദേശം മണിക്കൂറിൽ 3 കിലോമീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരത്ത് പൂർണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങിയ ഭാഗത്തുനിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ രണ്ടു ടീമുകളെ തയാറാക്കി. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ  നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസ് ടീമുകളെയും തയാറാക്കി.