തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടു കൂടിയാണ് കാലവർഷം എത്തുന്നത്. 2024ൽ മേയ് 30നും 2023ൽ ജൂൺ എട്ടിനും 2022ൽ മേയ് 29നുമാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്. 26ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു.
24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.
