ന്യൂഡൽഹി: അതിജീവിതയെ വിവാഹംചെയ്ത പ്രതിയെ പോക്സോ കേസിൽനിന്ന് ഒഴിവാക്കി സുപ്രീംകോടതി. നിയമത്തിൽ കുറ്റകൃത്യമാണെങ്കിലും അതിജീവിത അങ്ങനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ.
ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച്, ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ശിക്ഷ റദ്ദാക്കിയത്. ബംഗാളിലെ ഒരു പോക്സോ കേസിലാണ് നടപടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 25-കാരനെതിരേ പോക്സോ ചുമത്തി കേസെടുത്തത്. അതിജീവിതയ്ക്ക് പ്രായപൂർത്തിയായപ്പോൾ പ്രതി അവരെ വിവാഹംചെയ്തു. ദമ്പതിമാർക്ക് ഒരു കുട്ടിയുമുണ്ട്. കേസിൽ വിചാരണക്കോടതി, പ്രതിയെ 20 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ, കൊൽക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി.
