മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ

0
1288

തന്റെ 38-ാം ജന്മദിനത്തിന്റെ തലേന്നാണ് ഷാവോ ചുന്‍ ചെന്‍ എന്ന യുവാവിന് ഗൂഗിളിലെ ജോലി നഷ്ടമായത്. ലോകം തന്റെ മുന്നില്‍ അവസാനിച്ചു എന്ന തോന്നലാണ് അദ്ദേഹത്തിന് അപ്പോഴുണ്ടായത്. എന്നാല്‍ കേവലം ഒരു വര്‍ഷം കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ജോലി നഷ്ടത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമാക്കി മാറ്റിയ ഷാവോ ഇപ്പോള്‍ സമ്പാദിക്കുന്നത് മാസം രണ്ടരലക്ഷത്തോളം രൂപയാണ്. അതും ആഴ്ചയില്‍ വെറും മൂന്ന് മണിക്കൂര്‍ മാത്രം ജോലി ചെയ്തുകൊണ്ട്.

2024 ഫെബ്രുവരിയിലെ ലേ ഓഫിലാണ് ഷാവോയുടെ ഗൂഗിളിലെ ജോലി തെറിച്ചത്. ഗൂഗിളിന്റെ സിംഗപ്പൂര്‍ ഓഫീസിലായിരുന്നു ജോലി. എട്ടുവര്‍ഷമാണ് അദ്ദേഹം അവിടെ ജോലി ചെയ്തത്. ഇക്കാലയളവില്‍ ശമ്പളത്തില്‍ നിന്നും ഓഹരിവിപണിയില്‍ നിന്നുമെല്ലാമുള്ള വലിയൊരു തുക സമ്പാദ്യമായി ഷാവോയുടെ കൈയിലുണ്ടായിരുന്നു.

ഗൂഗിളിലെ ജോലി നഷ്ടമായശേഷം വീണ്ടുമൊരു കോര്‍പ്പറേറ്റ് അടിമയാകാന്‍ ഷാവോയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. സാധനങ്ങളെല്ലാം പാക്ക് ചെയ്ത അദ്ദേഹം ഭാര്യയ്‌ക്കൊപ്പം വടക്കന്‍ തായ്‌ലാന്‍ഡിലെ ജീവിതച്ചെലവ് കുറഞ്ഞതും മനോഹരവുമായ നഗരത്തിലേക്ക് താമസം മാറി. അവിടെ എല്ലാ ആഡംബര സംവിധാനങ്ങളുമുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ താമസം തുടങ്ങിയത്. 450 ഡോളറായിരുന്നു മാസവാടക. ആഴ്ചയില്‍ സംഗപ്പൂരില്‍ പോയിവരുന്നതും ഭക്ഷണവും യാത്രയുമെല്ലാം ഉള്‍പ്പെടെ ഏകദേശം 1500 ഡോളറായിരുന്നു ഇവരുടെ പ്രതിമാസ ചെലവ്.

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ക്ലാസെടുക്കുന്നതാണ് ഷാവോയുടെ ജോലി. ആഴ്ചയില്‍ വെറും മൂന്ന് മണിക്കൂര്‍ മാത്രമേ ക്ലാസെടുക്കേണ്ടതുള്ളൂ. ഇതുവഴി മാസം 1500 മുതല്‍ 3000 ഡോളര്‍ വരെ അദ്ദേഹത്തിന് ലഭിക്കും. ഒപ്പം മണിക്കൂറിന് 500 ഡോളര്‍ നിരക്കില്‍ അധിക പരിശീലന ക്ലാസും ഇദ്ദേഹം നടത്തുന്നു. കൂടാതെ സ്വന്തമായി യൂട്യൂബ് ചാനലും ഷാവോയ്ക്കുണ്ട്. ഇതില്‍ നിന്നെല്ലാമായി ഏകദേശം രണ്ടരലക്ഷം ഇന്ത്യന്‍ രൂപയാണ് ഷാവോ പ്രതിമാസം സമ്പാദിക്കുന്നത്.

അതേസമയം ഗൂഗിള്‍ ജോലിക്ക് ശേഷമുള്ള ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുമുണ്ടെന്ന് ഷാവോ ചൂണ്ടിക്കാട്ടുന്നു. ഓരോ ആഴ്ചയും സിംഗപ്പൂരിലേക്കും തിരിച്ചുമുള്ള വിമാനയാത്ര മടുപ്പിക്കുന്നതാണ്. കൂടാതെ ഓരോദിവസവും കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്ത് ചെയ്യേണ്ട ജോലിയല്ലാത്തതിനാല്‍ ജീവിതത്തില്‍ സ്വയം അച്ചടക്കം പാലിച്ചേ മതിയാകൂ. എന്നാല്‍ ഇതിനേക്കാളെല്ലാം വലുതായി സ്വാതന്ത്ര്യവും സമയവും മനസമാധാനവും ലഭിക്കുന്നുവെന്നും ഷാവോ പറയുന്നു.