ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എങ്ങനെയാണ് അമീര്‍ ഹംസയ്ക്ക് അപകടം സംഭവിച്ചതെന്നും പരിക്കേറ്റതെന്നും ഇതുവരെ വ്യക്തമല്ല. അതേസമയം, വീട്ടില്‍വെച്ച് വെടിയേറ്റാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്ന് സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹമുണ്ട്. ചോരയില്‍ കുളിച്ച് കിടക്കുന്ന അമീര്‍ ഹംസയുടെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ, വെടിയേറ്റതാണെന്ന അഭ്യൂഹം ചില അന്വേഷണഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.
നിരോധിത ഭീകരസംഘടനയായ ലഷ്കറിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് അമീര്‍ ഹംസ. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാള്‍ കുപ്രസിദ്ധി നേടിയിരുന്നു. അമീര്‍ ഹംസ ഉള്‍പ്പെടെയുള്ള 17 ഭീകരവാദികള്‍ ചേര്‍ന്നാണ് ലഷ്കറെ തൊയ്ബ സ്ഥാപിച്ചത്. ഭീകരസംഘടനയുടെ നേതൃത്വത്തില്‍ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാള്‍, ലഷ്കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്മെന്റിനും ഭീകരരെ വിട്ടയക്കാനുള്ള ചര്‍ച്ചകളിലും സജീവമായിരുന്നു.
2018-ല്‍ സാമ്പത്തികസഹായങ്ങള്‍ കുറഞ്ഞതോടെ ലഷ്കറുമായി അകലംപാലിച്ച അമീര്‍ ഹംസ, ജെയ്ഷെ മന്‍ഫാഖ എന്ന പേരില്‍ മറ്റൊരു ഭീകരസംഘടന സ്ഥാപിച്ചിരുന്നു. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഈ സംഘടന ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഭീകരസംഘടന രൂപവത്കരിച്ചെങ്കിലും അമീര്‍ ഹംസ ലഷ്കര്‍ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.