കാത്തുനിൽക്കാതെ ഇ–ഗേറ്റിലൂടെ പുറത്തിറങ്ങാം; മക്ക റൂട്സ് ഇനിഷ്യേറ്റീവ് പദ്ധതി പ്രയോജനപ്പെടുത്തി 7 രാജ്യങ്ങളിലെ 10 ലക്ഷം തീർഥാടകർ

മക്ക: എമിഗ്രേഷൻ നടപടികൾ മാതൃരാജ്യത്തുനിന്ന് പൂർത്തിയാക്കുന്ന മക്ക റൂട്സ് ഇനിഷ്യേറ്റീവ് പദ്ധതി ഇതുവരെ 7 രാജ്യങ്ങളിലെ 10 ലക്ഷം ഹജ് തീർഥാടകർ പ്രയോജനപ്പെടുത്തി. 

ഇതുപ്രകാരം സൗദിയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷനിൽ കാത്തുനിൽക്കാതെ ഇ–ഗേറ്റിലൂടെ പുറത്തിറങ്ങാം എന്നതാണ് നേട്ടം. ഇവരുടെ ലഗേജ് അധികൃതർ തരംതിരിച്ച് താമസ സ്ഥലത്ത് നേരിട്ട് എത്തിക്കും. ഇന്തൊനീഷ്യ, മലേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മൊറോക്കോ, തുർക്കി, ഐവറി കോസ്റ്റ് എന്നീ 7 രാജ്യങ്ങളിലെ 11 എയർപോർട്ടുകളിലാണ് പദ്ധതി നടപ്പാക്കിയത്.

തീർഥാടകരെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള എമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ, ഇലക്ട്രോണിക് ഹജ് വീസ ഇഷ്യൂ ചെയ്യൽ, പ്രതിരോധ കുത്തിവയ്പ് അടക്കം ആരോഗ്യ നിബന്ധനകൾ പൂർണമാണെന്ന് ഉറപ്പാക്കൽ, ലഗേജ് എൻകോഡിങ്, തരംതിരിക്കൽ എന്നിവയെല്ലാം സ്വദേശങ്ങളിലെ എയർപോർട്ടിൽ തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇനീഷ്യേറ്റീവ്. മക്കയിലും മദീനയിലും തീർഥാടകരുടെ താമസകെട്ടിടവും മുറിയുമെല്ലാം രേഖപ്പെടുത്തിയ സ്റ്റിക്കർ ലഗേജിൽ പതിക്കും. വിമാനമിറങ്ങുന്നതോടെ തീർഥാടകന് ഇ–ഗേറ്റിലൂടെ പുറത്തിറങ്ങാം.

തീർഥാടകർ താമസ സ്ഥലത്ത് എത്തുന്നതിനു മുൻപ് മുറിയിൽ ലഗേജ് എത്തിയിരിക്കും. ഇതേസമയം ഏറ്റവും കൂടുതൽ തീർഥാടകരെ അയക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിലും പദ്ധതി നടപ്പാക്കാൻ ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചെങ്കിലും ബയോമെട്രിക് ഉൾപ്പെടെ ആനുപാതിക സൗകര്യം ഇന്ത്യൻ എയർപോർട്ടുകളിൽ ഒരുക്കാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം.