കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴിയുമായി അമ്മ. കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പിന്നാലെ പൊലീസ് പാലത്തിന് താഴെയും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചതായും വിവരമുണ്ട്.
നേരത്തെ അമ്മ നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആലുവയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.
കുട്ടിക്കായി കൊച്ചിയിൽ പലയിടങ്ങളിലായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയാണ്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ തർക്കമുണ്ടായിരുവെന്ന് പൊലീസ് അറിയിച്ചു. തിരുവാങ്കുളത്ത് നിന്ന് കെഎസ്ആർടിസി ബസ് കയറി പോകുന്ന അമ്മയുടെയും കുട്ടിയുടെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബസിലും ഓട്ടോയിലും മാറി മാറി യാത്ര ചെയ്തതായാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0484-2623550 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച ആദ്യ വാർത്ത ഇങ്ങനെ 👇
കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു.
അതേസമയം ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്. പുത്തന്‍കുരിശ് പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്. ആലുവകേന്ദ്രീകരിച്ചാണ് തിരച്ചില്‍. അമ്മയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുട്ടിയും അമ്മയും നടന്നുനീങ്ങുന്ന നിര്‍ണായകദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത് പിങ്ക് ടോപ്പും നീല ജീന്‍സുമായിരുന്നു.
