അനധികൃത നിർമാണങ്ങൾ, മതിയായ അഗ്നിശമന സംവിധാനമില്ല; കോഴിക്കോട്ടെ അഗ്നിബാധയിൽ പ്രതിഷേധം

കോഴിക്കോട് കോർപ്പറേഷനെതിരെ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം കോഴിക്കോട് കോർപ്പറേഷനെതിരെ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. കെട്ടിട നിർമാണത്തിലെ അപാകവും ന​ഗരത്തിലെ അഗ്നിശമന സംവിധാനത്തിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങൾ ചൂടുപിടിക്കുന്നത്.

തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങൾ ഏറെയുണ്ടെന്ന് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടത്തിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഒന്നും ഈ കെട്ടിടത്തിൽ ഇല്ല. കെട്ടിട ഉടമ എന്ന നിലയിൽ കോർപ്പറേഷൻ വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഫയർ ഓഡിറ്റ് കൃത്യമായി ഇവിടെ നടക്കുന്നുണ്ടോ എന്നും പ്രതിപക്ഷം വിമർശിച്ചു.

തീപിടിത്തത്തിൽ കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. വ്യാപാരികൾക്കും ജീവനക്കാർക്കും കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. ഇതിന് തയ്യാറായില്ലെങ്കിൽ കോൺ​ഗ്രസ് പ്രക്ഷോഭം നടത്തും. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു.

ഇക്കാര്യം കോൺഗ്രസ് പലതവണ ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കെ. പ്രവീൺ കുമാർ പറഞ്ഞു.
കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ചോദിച്ചിട്ട് കൊടുക്കാൻ പോലും കോർപ്പറേഷന് സാധിച്ചിട്ടില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ വിമർശിച്ചു. പണംവാങ്ങി ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം കോർപ്പറേഷൻ കൂട്ടുനിന്നു. ഫയർ ഓഡിറ്റ്‌ പോലും കൃത്യമായി നടത്തിയിട്ടില്ല.

വർഷങ്ങളായി കോർപറേഷൻ ഭരിക്കുന്നത് സിപിഎം ആണ്. കണ്ണിന്റെ മുന്നിൽ ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും തിരിച്ചറിയാൻ പറ്റാത്തത് ആരുടെ കഴിവുകേടാണെന്നും ടി. സിദ്ദിഖ് ചോദിച്ചു. ഈ സമയത്ത് രാഷ്ട്രീയം പറയുന്നതല്ല. പക്ഷേ അധികാരികൾ ഇതൊന്നും അറിയാതെ പോകുന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സ്ഥലം സന്ദർശിച്ച കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ് പറഞ്ഞു. ജുഡീഷ്യ ൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. വിദഗ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണെമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.