ഗസ്സസിറ്റി: ഗസ്സയിലെ ആശുപത്രികളടക്കം ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യാപക ആക്രമണം. ആശുപത്രികളെ നേരിട്ട് ലക്ഷ്യംവെക്കുന്നുവെന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ ഡോ. മർവാൻ അൽ-സുൽത്താൻ വ്യക്തമാക്കുന്നു.
ഇസ്രായേല്‍ സൈന്യം നേരിട്ട് എത്തിയാണ് ആശുപത്രികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതെന്നും നിർബന്ധിച്ച് അടച്ചുപൂട്ടിച്ചതായും അദ്ദേഹം പറഞ്ഞു. ഏകദേശം 55ലധികം രോഗികള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ വ്യക്തമാക്കുന്നു.
വടക്കൻ ഗസ്സയില്‍ അവശേഷിക്കുന്ന അവസാനത്തെ മെഡിക്കൽ സെന്ററിന് നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. ഇന്തോനേഷ്യൻ ആശുപത്രിക്കുള്ളിലെ ഒരു രോഗിയെ ലക്ഷ്യമാക്കി ഇസ്രായേലി വിമാനം ആക്രമണം നടത്തിയതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് അൽ ജസീറ ടിവിയോട് പറഞ്ഞു.
