ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ തൊടുത്തത് 15 ബ്രഹ്‌മോസ് മിസൈലുകള്‍, തകര്‍ന്ന് പാക് വ്യോമതാവളങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലേക്ക് ഇന്ത്യ തൊടുത്തത് 15 ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ടുകള്‍. മെയ് 9, 10 തീയതികളിലായി പാകിസ്താന്‍ ഇന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും നഗരങ്ങളും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ഇത് വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. തിരിച്ചടിക്ക് ഇന്ത്യയുടെ ആവനാഴിയിലെ കരുത്തുറ്റ ആയുധമായ ബ്രഹ്‌മോസിനെയാണ് ഇന്ത്യ ഉപയോഗിച്ചത്. പാകിസ്താന്റെ 11 വ്യോമതാവളങ്ങളിലും കനത്ത നാശം വിതച്ചത് ബ്രഹ്‌മോസിന്റെ ആക്രമണത്തിലൂടെയാണ്.

മെയ് എഴിനും എട്ടിനും ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ക്കൊപ്പം മിസൈലുകളും പാകിസ്താന്‍ ഉപയോഗിച്ചിരുന്നു. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് തുടങ്ങിയ വ്യോമതാവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനാണ് പാകിസ്താന്‍ ശ്രമിച്ചത്. എന്നാല്‍, ഇന്ത്യയുടെ സംയോജിത വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ശ്രമങ്ങളെ നിര്‍വീര്യമാക്കി. ഇതിന് മറുപടിയായി അടുത്ത ദിവസം അതിരാവിലെ തന്നെ തിരിച്ചടി തുടങ്ങി. ഇതിലൂടെ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തു. ഇതിന് ശേഷമാണ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ബ്രഹ്‌മോസ്, സ്‌കാല്‍പ് മിസൈലുകളാണ് ഇന്ത്യ പാകിസ്താനെതിരെ പ്രയോഗിച്ചത്.

തിരിച്ചടിക്ക് ബ്രഹ്‌മോസ് മിസൈല്‍ പ്രധാന ആയുധമായി തിരഞ്ഞെടുത്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാകിസ്താന് മുകളില്‍ ആധിപത്യം വ്യക്തമാക്കുന്ന ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് വിമാനങ്ങള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇന്ത്യയുടെ ആക്രമണത്തില്‍ കനത്ത നാശം നേരിടേണ്ടി വന്നു.

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ്. ഇന്ന് ലഭ്യമായിട്ടുള്ളതില്‍ മികച്ച സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്‌മോസ്. 300 കിലോമീറ്ററോളം ദൂരത്തില്‍ കൃത്യതയോടെ പ്രഹരിക്കാന്‍ കഴിയുന്ന ആയുധമാണിത്. ഇന്ത്യയില്‍നിന്ന് ഫിലിപ്പിന്‍സ് ഈ മിസൈല്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യങ്ങള്‍ ഈ മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.