ലോകത്തിലെ ഏറ്റവും ദൂരം കൂടിയ വിമാന സര്‍വീസ്; 20 മണിക്കൂറിൽ 17,800 കിലോമീറ്റര്‍!

0
1446

ലോകത്തിലെ ഏറ്റവും കൂടിയ ദൂരത്തിലുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ ക്വാന്റാസ് എയര്‍വേസ്. ‘പ്രൊജക്ട് സണ്‍റൈസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസ് 2027ല്‍ ആരംഭിക്കാനാണ് ശ്രമം. സിഡ്‌നിയില്‍ നിന്നും ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കുമായിരിക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് നടത്തുക. 17,800 കിലോമീറ്റര്‍ ദൂരമുള്ള സിഡ്‌നി-ലണ്ടന്‍ വിമാനയാത്രയ്ക്ക് 20 മണിക്കൂര്‍ സമയമെടുക്കും. 

പ്രത്യേകം ഡിസൈന്‍ ചെയ്ത എയര്‍ബസ് എ350-1000 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. ഈ വിമാനങ്ങളില്‍ ഫസ്റ്റ്ക്ലാസ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 238 യാത്രികര്‍ക്ക് സഞ്ചരിക്കാനാവും. സീറ്റുകളില്‍ 40 ശതമാനത്തിലേറെയും പ്രീമിയം വിഭാഗത്തില്‍ പെടുന്നവയാണെന്നതും ശ്രദ്ധേയമാണ്. മണിക്കൂറുകള്‍ നീളുന്ന ദീര്‍ഘ ദൂരയാത്രയായതിനാല്‍ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണിത്. 

ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളില്‍ യാത്രികര്‍ക്ക് പ്രത്യേകം കാബിനുകള്‍ ഉണ്ടായിരിക്കും. ഓരോ കാബിനിലും 32 ഇഞ്ച് എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീനും ശുചിമുറിയും കിടക്കയും റിക്ലൈനര്‍ ചെയറും ഉണ്ടാവും. കൂടുതല്‍ ലെഗ് റൂമുള്ള എര്‍ഗോനൊമിക് സീറ്റുകളാണ് പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകളിലുണ്ടാവുക. ബിസിനസ് ക്ലാസിലാണെങ്കില്‍ യാത്രികര്‍ക്ക് സ്വകാര്യത ഉറപ്പാക്കുന്ന പ്രൈവസി വാളുകളും ലഭ്യമാവും. എല്ലാ യാത്രികര്‍ക്കും ഉപയോഗിക്കാവുന്ന വെല്‍ബീയിങ് സോണില്‍ ലഘുഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കും. 

ഏകദേശം ഒരു ദിവസത്തോളം നീളുന്ന ആകാശ യാത്രയായതിനാല്‍ യാത്രികര്‍ക്ക് ജെറ്റ് ലാഗ് പോലുള്ള പ്രശ്‌നങ്ങളേയും നേരിടേണ്ടി വരും. സിഡ്‌നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്ററുമായി സഹകരിച്ച് വിദഗ്ധരുമായി സഹകരിച്ച് യാത്രികരുടെ ജെറ്റ് ലാഗ് പരമാവധി കുറക്കുന്നതിനായുള്ള ശ്രമങ്ങളും ക്വാന്റാസ് നടത്തുന്നു. കാബിനുകളിലെ പ്രത്യേക ലൈറ്റിങ്, ഉറക്കത്തിന് സഹായിക്കും വിധമുള്ള ഭക്ഷണം, വിമാനത്തിനുള്ളില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം യാത്രികര്‍ക്കായി ഒരുക്കും.