കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം തടവ് നൽകണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്.
പ്രതികളെ സേലം സെൻട്രൽ ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ രാവിലെ എട്ടരയോടെ കോടതിയിൽ എത്തിച്ചു. കോളജ് വിദ്യാർഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായി. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു
