കേരളത്തിലേക്കുള്ള യാത്ര എളുപ്പമാകും: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 വിമാന സർവീസുകൾ

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയിൽ എത്തും. തിരിച്ചു പുലർച്ചെ 3.40നു പുറപ്പെടുന്ന വിമാനം രാവിലെ 9നു കണ്ണൂരിൽ എത്തും. 

ഫുജൈറയിൽ നിന്ന് അർധരാത്രി 12.25നു പുറപ്പെട്ടു പുലർച്ചെ 4.50നു മുംബൈയിൽ ഇറങ്ങും. മുംബൈയിൽനിന്നു പുലർച്ചെ 1.10നു പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40നു എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവു ലഭിക്കും.

ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41–ാമത്തെയും സെക്ടറാണ് ഫുജൈറ. ഇന്ത്യയിലെ 90 സെക്ടറുകളിലേക്ക് ഉൾപ്പെടെ പ്രാദേശിക, രാജ്യാന്തര തലത്തിൽ 132 സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് ഫുജൈറയിലേക്കും കണ്ണൂരിലേക്കും മുംബൈയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകും. 

ഷട്ടിൽ ബസ് സർവീസ്
പ്രവാസി ഇന്ത്യക്കാർക്ക് പുതിയ സേവനത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ദുബായിൽ നിന്നും വടക്കൻ എമിറേറ്റുകളിൽ നിന്നും സൗജന്യ ബസ് സർവീസും ഏർപ്പെടുത്തി. ബസ് സേവനം ലഭിക്കുന്ന എമിറേറ്റ്, ബസ് സ്റ്റോപ്, മുംബൈ വിമാന യാത്രക്കാർക്കുള്ള ബസ് പുറപ്പെടുന്ന സമയം, കണ്ണൂർ വിമാന യാത്രക്കാർക്കുള്ള ബസ് പുറപ്പെടുന്ന സമയം എന്നിവ അറിയാം.

സമയക്രമം ഇങ്ങനെ ദുബായ്
യൂണിയൻ മെട്രോ സ്റ്റേഷൻ (അൽഗുറൈർ ബസ് സ്റ്റോപ്പിന് എതിർവശം), മുംബൈ വൈകിട്ട് 6.20, കണ്ണൂർ രാത്രി 9.50. 
മുഹൈസിന-2 (മാംഗൊ സൂപ്പർമാർക്കറ്റിനു സമീപം), മുംബൈ വൈകിട്ട് 7.20, കണ്ണൂർ രാത്രി 10.35.

ഷാർജ
കിങ് ഫൈസൽ മോസ്ക് മുംബൈ വൈകിട്ട് 5.35, കണ്ണൂർ രാത്രി 9.05. 
മുവൈല (ഷാർജ ഇംഗ്ലിഷ് സ്കൂളിന് സമീപം), മുംബൈ വൈകിട്ട് 7.35, കണ്ണൂർ രാത്രി 10.50.
അജ്മാൻ
ലക്കി റൗണ്ട് എബൗട്ട്, മുംബൈ വൈകിട്ട് 5.20, കണ്ണൂർ രാത്രി 8.50.

ഉമ്മുൽഖുവൈൻ
അൽസീനത് സൂപ്പർമാർക്കറ്റ് (അൽസലാം മാർക്കറ്റ്), മുംബൈ വൈകിട്ട് 5.50, കണ്ണൂർ രാത്രി 9.20.
റാസൽഖൈമ
ആർടിഎ ബസ് ടെർമിനൽ, മുംബൈ വൈകിട്ട് 6.50, കണ്ണൂർ രാത്രി 10.20.
ദിബ്ബ
ലുലു ഹൈപ്പർമാർക്കറ്റിനു സമീപം, മുംബൈ വൈകിട്ട് 7.50, കണ്ണൂർ രാത്രി 11.20.