ന്യൂഡൽഹി: കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങൾകൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.
അടച്ച വിമാനത്താവളങ്ങൾ: ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ്.
സമ്മർദമുനയിൽ പാക്ക് സൈന്യം; ഇന്ത്യൻ അതിർത്തിയിൽ പുതിയ പോർമുഖം തുറക്കുമ്പോൾ
ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകളും എത്തിച്ചേരേണ്ട 5 സർവീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകൾ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ് , ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഒട്ടേറെ സർവീസുകൾ വൈകി.
