പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് കനത്ത സുരക്ഷ. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന അതിര്‍ത്തികൾ അടച്ചു.
പാകിസ്ഥാനുമായി 1037 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ സുരക്ഷാ നിര്‍ദേശമുണ്ട്. അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വെടിവെക്കാനാണ് ബിഎസ്എഫുകാര്‍ക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വ്യോമസേനയും ഉയര്‍ന്ന സുരക്ഷാ അലേര്‍ട്ടിലാണ്. മെയ് ഒന്‍പത് വരെ ജോധ്പൂര്‍, കിഷാന്‍ഗഡ്, ബികാനേര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ ഭാഗങ്ങളിലായി യുദ്ധ വിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.
