വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ നൂർപൂർ പിനൗനി ഗ്രാമത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഹൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ ആണ് ദീക്ഷ (22) ഹൃദയാഘാതം മൂലം മരിച്ചത്. ചടങ്ങിനിടെ പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഹൽദി ചടങ്ങിനു ശേഷം വധു സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് റിപ്പോർട്ടുകൾ. അടിയന്തര സഹായ ശ്രമങ്ങൾ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മൊറാദാബാദ് ജില്ലയിലെ ശിവപുരി ഗ്രാമത്തിൽ താമസിക്കുന്ന സൗരഭിനെ തിങ്കളാഴ്ചയാണ് ദീക്ഷ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നത്. വരന്റെ വിവാഹഘോഷയാത്ര ആ ദിവസം തന്നെ എത്തേണ്ടതായിരുന്നു. ദിവസങ്ങളായി വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയായിരുന്നു, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ധാരാളം പേർ ഒത്തുകൂടി. മനോഹരമായി അലങ്കരിച്ച പല്ലക്കിൽ (ഡോളി) വധുവിനെ യാത്രയാക്കുന്നതിനുപകരം, അവളുടെ മൃതദേഹം ശവസംസ്കാര ചടങ്ങുകൾക്കായിട്ടാണ് കൊണ്ടുപോയത്.
“പെൺകുട്ടി പൂർണ്ണമായും ആരോഗ്യവതിയായിരുന്നു. അവൾക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ആ നിമിഷത്തിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല.” എന്നാണ് പ്രദേശവാസികൾ പറഞ്ഞത്.
