സുന്നി സംഘടനകളുടെ വഖഫ് പ്രതിഷേധ സമ്മേളനം നാളെ; ജിഫ്രി തങ്ങള്‍ ഉദ്ഘാടനം, ഖലീല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം

0
772

സുന്നി സംഘടനകൾ ഒരുമിക്കുമ്പോൾ മുസ്‌ലിം ലീഗ് പുറത്ത്

എറണാകുളത്ത് നാളെ സുന്നി സംഘടനകളുടെ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സുന്നി ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്നീ നാലു പണ്ഡിത സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ സമ്മേളനം. കേരളത്തിലെ ഭൂരിപക്ഷ മുഖ്യധാര മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതാണ് ഈ നാല് സംഘടനകളും. സുന്നി സംഘടനകളുടെ ഐക്യത്തിന് വിത്ത് പാകുന്നതാണ് ഈ നീക്കമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

മുസ്‌ലിം മത ന്യൂന പക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യവും മൗലികവകാശങ്ങളും കവര്‍ന്നെടുക്കുന്ന വഖ്ഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെയ് നാലിന് എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നടത്തുന്ന വഖ്ഫ് സംരക്ഷണ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന് നേരത്തെ 1001അംഗ സ്വാഗത സംഗത്തിന് രൂപം നല്‍കിയിട്ടുണ്ട്.

ഈ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഞായറാ‍ഴ്ച വൈകിട്ട് 4 ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധ മഹാസമ്മേളനം നടക്കുന്നത്. സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ പി സമസ്ത നേതാവ് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണവും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നജീബ് മൗലവി മമ്പാട് വിഷയാവതരണവും നടത്തും.

അതേസമയം, നാല് സുന്നി സംഘടനകളും ഒരുമിക്കുമ്പോൾ കേരളത്തിലെ സംഘടനകളെ ഒരുമിപ്പിക്കുന്ന പ്ലാറ്റ് ഫോം എന്ന് അവകാശപ്പെടുന്ന മുസ്‌ലിം ലീഗ് ഇതിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഭൂരിപക്ഷ മുഖ്യധാര മുസ്‌ലികളെ പ്രതിനിധീകരിക്കുന്ന ഈ നാല് സംഘടനകളുടെയും ഈ സമ്മേളനത്തിലാണ് ലീഗിനെ പങ്കെടുപ്പിക്കാത്തത് എന്നത് ചർച്ചകൾക്കും വഴി വെച്ചിട്ടുണ്ട്.