ഗസ്സ സിറ്റി: പട്ടിണി പിടിമുറുക്കിയ ഗസ്സയിലേക്ക് അടിയന്തര സഹായം ഉടൻ എത്തിക്കണമെന്ന യുഎൻ അഭ്യർഥന തള്ളി ഇസ്രായേൽ. ഇന്നുമുതൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭക്ഷ്യശേഖരം പൂർണമായും അവസാനിച്ചതോടെ ഗസ്സയിൽ ലക്ഷങ്ങൾ പട്ടിണി മൂലം മരിക്കേണ്ട സാഹചര്യം രൂപപ്പെട്ടതായി ലോക ഭക്ഷ്യപദ്ധതി സാരഥികൾ വെളിപ്പെടുത്തി. രണ്ടു മാസത്തിലേറെയായി ഒരു ട്രക്ക് പോലും ഗസ്സയിലേക്ക് കടത്തി വിടാൻ ഇസ്രായേൽ തയാറായിട്ടില്ല.
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ശേഖരം അവസാനിച്ചിരിക്കെ, എത്രയും വേഗം സാധന സാമഗ്രികൾ ഗസ്സയിൽ എത്തിക്കേണ്ട ബാധ്യത ലോകസമൂഹം ഏറ്റെടുക്കണമെന്ന യു.എൻ അഭ്യർഥനയും ഇസ്രായേൽ തള്ളി. ഇന്നുമുതൽ ഗസ്സയിൽ യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഇസ്രായേൽ സൈനികമേധാവി അറിയിച്ചു. ഹമാസ് പോരാളികളെ വകവരുത്താൻ ആക്രമണം വിപുലപ്പെടുത്തേണ്ട ഘട്ടത്തിലാണ് ഇസ്രായേലെന്നും സൈനിക മേധാവി വ്യക്തമാക്കി.
