ഡെറാഢൂണ്‍: ജോലി ചെയ്യുന്നതിന് മടി കാണിച്ച മകനെ വഴക്ക് പറഞ്ഞ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി 18 വയസ്സുകാരനായ മകൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് ക്രൂര കൊലപാതകം നടന്നത്. 62 വയസ്സുള്ള പിതാവ് സലീമിനെയാണ് 18 വയസ്സുള്ള മകൻ മുഷാഹിർ കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലായിരുന്നു കൊല്ലപ്പെട്ട സലീം ജോലി ചെയ്തിരുന്നത്.
സലീമിന്റെ കുടുംബവും ഒഴിവുസമയങ്ങളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു. ഞായറാഴ്ച്ച മകനെയും കൂട്ടി ഇഷ്ടികച്ചൂളയിൽ സലീം ജോലിക്ക് പോയിരുന്നു. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു.
തുടർന്ന് സലീം മകനെ വഴക്ക് പറയുകയും ഇത് ഇരുവരും തമ്മിലുള്ള കൈയ്യേറ്റത്തിനും കാരണമായി. ഒടുവിൽ സമീപത്തുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മുഷാഹിർ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മുഷാഹിർ ഓടിരക്ഷപ്പെട്ടു. പൊലീസ് പ്രതിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്