ഡോണ്‍ ന്യൂസ് ഉള്‍പെടെ 16 പാക് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത്

0
472

രാജ്‌നാഥ് സിങ്ങും മോദിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച, ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരായ നടപടികള്‍ ശക്തമാക്കി ഇന്ത്യ. 63 മില്യണ്‍ ഫോളോവേഴ്‌സ വരുന്ന പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പഹല്‍ഗാാം ആക്രമണത്തിന് പിന്നാലെ പ്രകോപനപരവും സാമുദായിക സ്പര്‍ധ വര്‍ധിപ്പിക്കുന്ന തരത്തിലുമുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  

മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് അക്തറിന്റെ ചാനല്‍, ഡോണ്‍ ന്യൂസ് , സമ ടിവി അടക്കം  നിരോധിച്ച ചാനലുകളില്‍ ഉള്‍പെടുന്നു. ഇര്‍ഷാദ് ഭാട്ടി, അസ്മ ഷിറാസി, മുനീബ് ഫാറൂക് തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പെടുന്നു. 
തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കി എന്ന് കാണിച്ച് ബിബിസിക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടരുന്ന പാകിസ്താനെതിരേ  സൈനിക-നയതന്ത്ര നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തിയ സൈന്യം വിവിധ സേനാ വിഭാഗങ്ങളെ തന്ത്രപ്രധാനമേഖലകളില്‍ വിന്യസിച്ചു.  നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനം സൃഷ്ടിക്കുന്ന പാക് നീക്കത്തെ ശക്തമായി നേരിടാനാണ് സൈന്യത്തിനുള്ള നിര്‍ദേശം.  ബാരാമുള്ള, കുപ് വാര ജില്ലകളില്‍ ഇന്നലെയും ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തു. പരിശോധന തുടരാനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുമായി വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള നീക്കമാണ് കശ്മിരില്‍ നടക്കുന്നത്. 

അതിനിടെ, ബാരാമുള്ള ജില്ലയില്‍ ഝലം നദിയിലെ ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പാക് അധീന കശ്മിരില്‍ പ്രളയസാഹചര്യം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയുള്ള ഏറ്റവും തന്ത്രപ്രധാനമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്നറിയിപ്പ് നല്‍കാതെയാണ് ഇന്ത്യ ഡാം തുറന്നുവിട്ടതെന്നും ഇതുമൂലം പാക് അധീന കശ്മിരിലെ ഹട്ടിയന്‍ബാല ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായതായി പാകിസ്താന്‍ കുറ്റപ്പെടുത്തി. ഝലം നദീതീരത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാരാമുല്ല ജില്ലയിലെ ഉറി ഡാമില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് നിയന്ത്രണരേഖ. അതേസമയം, ഡാം തുറന്നുവിട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കേണ്ട ബാധ്യതയില്ലെന്നാണ്  ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. 

ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെതിരേ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് സൈനിക-നയതന്ത്ര നടപടികള്‍ കടുപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.  അതിനിടെ, സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനാണ് പ്രതിരോധ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്വീകരിച്ച നടപടികളും സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.

രാജ്‌നാഥ് സിങ്ങും മോദിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച, ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
 

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച. ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള സുരക്ഷാതയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണത്തിനായി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നപക്ഷം നേരിടേണ്ടവിധമുള്‍പ്പടെയുള്ള പ്രതിരോധസംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഡിഫന്‍സ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് യോഗം ചേരും. ഭീകരാക്രമണത്തേ തുടര്‍ന്ന് ജമ്മു കശ്മീര്‍ നിയമസഭ പ്രത്യേക സമ്മേളനം നടത്തുന്നു. ഭീകരാക്രമണത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു. പ്രമേയം പാസ്സാക്കി. ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കശ്മീര്‍ ജനതയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായകനടപടികള്‍ സ്വീകരിച്ചുവരികയാണ്. സൈനികനടപടികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയെ പ്രത്യേകം നിരീക്ഷിക്കും. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ ഭീകരെന്ന് വിശേഷിപ്പിക്കാതെ ആുധധാരികളെന്ന് മാത്രം വിശേഷിപ്പിച്ച ബിബിസി പക്ഷപാതപരമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ വ്യാജവും വര്‍ഗീയവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്ന 16 പാക് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്്തിട്ടുണ്ട്.