കൊച്ചി: താമരശേരി ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമപ്രധാനപ്രശ്നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്.
കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ജുവനൈൽ ഹോമിലാണ് നിലവില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. രാത്രിയോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എളേറ്റിൽ വട്ടോളി എം.ജി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷഹബാസ്.ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.