കേരളത്തിൽ 102 പാക്ക് പൗരന്മാർ; ഉടൻ തിരിച്ചുപോകാൻ നിർദേശം

0
939

തിരുവനന്തപുരം: നിലവിൽ കേരളത്തിലുള്ള പാക്കിസ്ഥാനി പൗരൻമാർ 102 പേർ. ഇതിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന നിർദേശമാണു നൽകിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പെടെ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം വിലക്കില്ല.