ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സഊദി സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. വിവിധ ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാത്രി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയ ശേഷം പ്രധാനമന്ത്രി ജിദ്ദയിൽനിന്ന് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ദ്വിദിന സന്ദർശനത്തിനായി സഊദിയിൽ ഇന്ന് വന്നിറങ്ങിയ പ്രധാനമന്ത്രി നാളെയും കൂടിയുള്ള പരിപാടികൾ കഴിഞ്ഞ ശേഷം മടങ്ങുന്ന തരത്തിലായിരുന്നു ഷെഡ്യൂൾ. എന്നാൽ പൽഗാമിൽ ഇരുപത്തിയാറ് പേരെ ഭീകരർ കൊലപ്പെടുത്തിയതിന്റെ പശ്ചാതലത്തിലാണ് ഉടൻ മടക്ക യാത്രയെന്നാണ് റിപ്പോർട്ട്.
മോദി ഇന്ന് രാത്രി ഇന്ത്യയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാളെ രാത്രി തിരിച്ചെത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് ചില വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
“അവരെ (ഭീകരരെ) വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും.” എക്‌സിൽ മോഡി കുറിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു.
