ഇന്ദിരാ ഗാന്ധിക്ക് ശേഷം 43 വർഷത്തിനിപ്പുറം ജിദ്ദയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി
ജിദ്ദ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ചൊവ്വ) സഊദി അറേബ്യയിലെത്തും. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സഊദിയിലെ പുരാതന വാണിജ്യ നഗരം കൂടിയായ ജിദ്ദ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ക്ഷണപ്രകാരം ജിദ്ദയിലെത്തുന്ന മോദിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. മൂന്നാം തവണ സഊദിയിൽ എത്തുന്ന പ്രധാനമന്ത്രി, ഇത്തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സഊദി സന്ദര്‍ശനമാണിത്.
1982 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുപ്രധാന സന്ദര്‍ശനത്തിന് ശേഷം 43 വര്‍ഷം തികയുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2016ലും 2019ലും മോദി സഊദിയിലെത്തിയിരുന്നെങ്കിലും തലസ്ഥാനമായ റിയാദിലായിരുന്നു സന്ദർശന പരിപാടികൾ. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ക്ഷണപ്രകാരം ജിദ്ദയിലെത്തുന്ന മോദിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും.
രണ്ട് ദിനം ജിദ്ദയിൽ തങ്ങുന്ന പ്രധാനമന്ത്രി വിവിധ ചടങ്ങുകളിൽ സംബന്ധിക്കും. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയാണ് പര്യടനപരിപാടിയിലെ പ്രധാനപ്പെട്ടത്. ഇന്ത്യ-സഊദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്‍റെ രണ്ടാം യോഗത്തിൽ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി പങ്കെടുക്കും. ജിദ്ദയിലെ പ്രസിദ്ധമായ ഏതെങ്കിലുമൊരു ഫാക്ടറിയിലെ ഇന്ത്യൻ തൊഴിലാളികളുമായി മോദി സംവദിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സഊദിയുടെ സ്വപ്ന പദ്ധതിയായ ‘നിയോം’ അടക്കമുള്ള ചിലയിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കാനും സാധ്യതയുണ്ട്. എന്നാൽ, പ്രവാസികളെ പങ്കെടുപ്പിച്ചുള്ള കമ്യൂണിറ്റി പ്രോഗ്രാം ഉൾപ്പെടെ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ആയിട്ടില്ല.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2023ല്‍ ന്യൂ ഡൽഹിയിലെത്തിയ സഊദി കിരീടാവകാശി ഇന്ത്യ-സഊദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ആദ്യ യോഗത്തില്‍ അധ്യക്ഷപദവി അലങ്കരിച്ചിരുന്നു. കൗൺസിലിന്‍റെ രണ്ടാമത് യോഗം ബുധനാഴ്ച ജിദ്ദയില്‍ ചേരും. സഊദി അറേബ്യയുമായുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൂടുതല്‍ ശക്തമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. സന്ദര്‍ശനത്തില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയായേക്കും. ഇലക്ട്രിക്കല്‍ ഇന്റര്‍കണക് ഷന്‍, ഗ്രീന്‍ ആന്റ് ക്ലീന്‍ ഹൈഡ്രജന്‍ മേഖലകളിലെ ഉഭയകക്ഷി ധാരണാപത്രങ്ങളുടെ കൈമാറ്റവും ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും യെമന്‍ പ്രതിസന്ധിയും മേഖലയിലെ മറ്റു സുരക്ഷാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടും. സ്വകാര്യ ഹജ് ഗ്രൂപ്പുകൾ നേരിടുന്ന പുതിയ പ്രതിസന്ധിയും ചർച്ചാ വിഷയമായേക്കും.
ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അടുത്ത മാസം മുംബൈയിൽ വേദിയൊരുക്കുന്ന ‘വിഷ്വൽ മീഡിയ സമ്മിറ്റി’ലേക്ക് സഊദിയെ ക്ഷണിക്കും.
സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈല്‍ അജാസ് ഖാന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മോഡിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനായി ഡൽഹി, ദുബൈ എന്നിവിടങ്ങളിൽ നിന്നായി ഒരു ഡസൻ മാധ്യമപ്രവർത്തകർ ജിദ്ദയിലെത്തി. ദൂരദർശൻ ഡൽഹി ബ്യൂറോ ചീഫ് അമൃതപാൽ സിംഗ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ
ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി നേരെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്ക് പുറപ്പെടും. ഉച്ചക്ക് രണ്ട് മുതൽ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും. 3.30 മുതൽ 6.30 വരെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച്ച നടത്തും.
