അബുദാബി: നാലു പതിറ്റാണ്ടോളം യുഎഇയിൽ ഫോട്ടോ ജേണലിസ്റ്റായിരുന്ന തൃശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എം.കെ.അബ്ദുൽറഹ്മാൻ(70) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗൾഫ് ന്യൂസിൽ ചീഫ് ഫൊട്ടോഗ്രഫറായി വിരമിച്ച ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. 2 മാസം മുൻപ് സന്ദർശന വീസയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച മടങ്ങാനിരിക്കെയാണ് മരണം.
യുഎഇയുടെ ഔദ്യോഗിക പരിപാടികളിലും സാമൂഹിക, സാംസ്കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന അബ്ദുൽറഹ്മാൻ ഭരണാധികാരികളുമായും വ്യവസായികളുമായും കലാസാംസ്കാരിക സംഘടനാ ഭാരവാഹികളുമായും നല്ല ബന്ധം പുലർത്തിയിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയശേഷം തേജസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊട്ടോഗ്രഫിയിൽനിന്ന് ഫൊട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. 1973 മുതൽ 1976 വരെ കേരളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ, ഫോട്ടോഗ്രാഫിയുടെ വിവിധ മേഖലകളിൽ പരിശീലനം നേടി. 1976 ഏപ്രിലിൽ മുംബെയിൽ കപ്പൽ മാർഗം ദുബായിലെത്തി.
ദെയ്റ സബ്ഖയിലെ അൽ അഹ്റം സ്റ്റുഡിയോ ആൻഡ് ഷോപ്പ്‌സിൽ ഫൊട്ടോഗ്രഫറായാണ് യുഎഇയിലെ തുടക്കം. പിന്നീട് അൽ-ഇത്തിഹാദ് സ്റ്റുഡിയോയിലേക്ക് മാറി. 1978 ഡിസംബറിൽ അൽ നഫാഖ് സ്റ്റുഡിയോയിൽ പങ്കാളിയും സീനിയർ ഫൊട്ടോഗ്രഫറുമായി. 1982 ഓഗസ്റ്റ് എട്ടിന് ഗൾഫ് ന്യൂസിന്റെ അബുദാബി ഓഫിസിൽ ഫൊട്ടോഗ്രഫറായി ചേർന്ന അദ്ദേഹം 38 വർഷം തുടർന്ന് ചീഫ് ഫൊട്ടോഗ്രഫറായാണ് വിരമിച്ചത്.
