വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി; ഹർജിയിൽ നാളെയും വാദം തുടരും

0
982

വഖഫ് ഭേദഗതി നിയമത്തിൽ കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി. ജില്ലാ കളക്ടര്‍മാര്‍ക്ക് നടപടികള്‍ തുടരാം. എന്നാല്‍ അന്തിമ തീരുമാനം സുപ്രീം കോടതിയുടേതാകും. വഖഫ് ബോര്‍ഡുകളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായി അമുസ്ലീങ്ങളെ നിയമിക്കാം. എന്നാല്‍ മറ്റ് അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയായിരിക്കണമെന്നും സുപ്രീം കോടതി നിർദേശം. ഹർജിയിൽ നാളെയും വാദം തുടരും. 

നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരുടെ മൂന്നം​ഗ ബെഞ്ചാണ് ഹ‍ർജികൾ പരിഗണിച്ചത്. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍, കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികളായിരുന്നു ഹർജി നൽകിയത്. അതേസമയം, നിയമം റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു.

വഖഫ് ഭേദഗതി നിയമം പരിഗണിക്കുന്നതിനിടെ ഹിന്ദു ബോർഡിൽ മുസ്ലീങ്ങളെ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിൽ ഹർജിക്കാരോട് സുപ്രീം കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. മുസ്ലീങ്ങൾക്ക് നേരെ നിയമം പാടില്ലേ, പാർലമെൻ്റിന് അധികാരമില്ല എന്നാണോ വാദമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സംരക്ഷിത സ്മാരകങ്ങൾ പിന്നീട് എങ്ങനെ വഖഫ് ആകും? സംരക്ഷിതമായി പ്രഖ്യാപിച്ചതിനു ശേഷം വഖഫായി പ്രഖ്യാപിച്ചതിനെ എതിർക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹിന്ദുക്കൾക്ക് വേണ്ടിയും മുസ്ലീങ്ങൾക്ക് വേണ്ടിയും നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളുടെ സംരക്ഷകരാണ് സുപ്രീം കോടതിയെന്നും കോടതി പറഞ്ഞു.