റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഏപ്രില്‍ 3നും ഏപ്രില്‍ 9നും ഇടയില്‍, ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട സംയുക്ത സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ 18,669 വ്യക്തികളെ പിടികൂടി.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ആകെ അറസ്റ്റിലായവരില്‍ 1,497 പേര്‍ അനധികൃതമായി സഊദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.
ഇവരില്‍ 69 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരാണെന്നും 27 ശതമാനം പേര്‍ യെമന്‍ വംശജരാണെന്നും ബാക്കി നാല് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 59 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.